‘ആലപ്പുഴ: ഗൺമാൻമാരുടെ രക്ഷാപ്രവർത്തനം കേസിൽ, പ്രതികളെ കേസിൽനിന്ന് രക്ഷിക്കാൻ മുൻ അന്വേഷണസംഘം രേഖകളിൽ കൃത്രിമം നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെ രണ്ട് പോലീസുകാരെ എസ്ഐടി ചോദ്യംചെയ്തു.
എഡിജിപി എം.ആർ. അജിത് കുമാറിന്റെ തിരുവനന്തപുരത്തെ ഓഫീസിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐമാരായ രണ്ട് പോലീസുകാരെയാണ് ആലപ്പുഴയിൽ വിളിച്ചുവരുത്തി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിൽ എസ്പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകളോളം ചോദ്യംചെയ്തതിൽനിന്ന് നിർണായക തെളിവ് ലഭിച്ചതായാണ് വിവരം.
നേതാക്കളെ ആക്രമിച്ച മുൻമുഖ്യമന്ത്രിയുടെ ഗൺമാൻ അടക്കമുള്ള പ്രതികൾ നിയമനടപടി നേരിടാതിരിക്കാനും കേസിൽനിന്ന് രക്ഷപ്പെടുത്താനും ചില രേഖകൾ മാറ്റുകയും പകരം പുതിയത് വയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. ആക്രമണത്തിന്റെ വീഡിയോദൃശ്യങ്ങളും അന്നത്തെ അന്വേഷണസംഘം രേഖപ്പെടുത്തിയ മൊഴികളും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നും തിരിച്ചറിഞ്ഞിരുന്നു.
കേസ് രേഖകളിൽ എങ്ങനെ തിരുത്തലും മാറ്റവും വരുത്തിയെന്നതിനെക്കുറിച്ച് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പോലീസുകാരെ ചോദ്യം ചെയ്തത്. യഥാർഥരേഖകൾ, സാക്ഷിമൊഴികൾ, സിഡികൾ, ഡിജിറ്റൽ വസ്തുക്കൾ എന്നിവയിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്.
കേസ് തിരിമറി നടത്തിയതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു ക്രമവിരുദ്ധമായ പ്രവൃത്തി ഉണ്ടായോയെന്നും അല്ലെങ്കിൽ മേൽ ഉദ്യോഗസ്ഥരുടെ പ്രവൃത്തിക്ക് ഇവർ കൂട്ടുനിന്നോയെന്നുമാണ് അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്.